മൂവാറ്റുപുഴ: പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. കടാതി കാരണാട്ടുകാവ് പാങ്ങ്യാർപ്പിള്ളിൽ രവി (70) ആണ് മരിച്ചത്.
കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലായിരുന്നു സംഭവം. വെടിക്കെട്ട് കരാറുകാരനായ റാക്കാട് സ്വദേശി മരങ്ങാട്ടിൽ വീട്ടിൽ ജെയിംസിന് (50) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.45ഓടെയാണ് സംഭവം. സ്ഫോടന ത്തിന്റെ ആഘാതത്തിൽ രവി മുറിക്കുള്ളിൽ നിന്നും ദൂരേക്ക് തെറിച്ചു വീഴുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മുറിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്ന കരാറുകാരൻ ജെയിംസിനും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ വർഷങ്ങളിലും ജെയിംസ് തന്നെയായിരുന്നു ഇവിടെ വെടിക്കെട്ട് കരാർ എടുത്തിരുന്നത്.
സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
അപകടത്തിൽ മരിച്ച രവിയുടെ സംസ്കാരം മകൻ താമസിക്കുന്ന ഊന്നുകല്ലിലെ വീട്ടിൽ നടത്തി. ഭാര്യ: അമ്മിണി. മകൻ: ദിലീപ്, മകൾ ദീപ. മരുമക്കൾ: സൗമ്യ, ശശി.